
ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് അമൃത്‌സറിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യയുടെ ഒരു വിമാനം ലാൻഡിങ് ശ്രമത്തിനിടെ നിയന്ത്രണപാതയിൽ നിന്ന് വ്യതിചലിച്ച് പാക്കിസ്ഥാന്റെ വ്യോമപാതയിൽ പ്രവേശിച്ചതായി റിപ്പോർട്ട്. ജൂൺ 22ന് നടന്ന സംഭവത്തിൽ എയർ ഇന്ത്യ ഔദ്യോഗികമായി വിശദീകരണം നൽകി.
AI479 നമ്പർ വിമാനമാണ് അമൃത്‌സർ വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ പ്രതികൂല സാഹചര്യങ്ങൾ കാരണം ലാൻഡിങ് ഉപേക്ഷിച്ച് വീണ്ടും ഉയർന്നത്. ഈ നടപടിക്കിടെയാണ് വിമാനം അതിർത്തി കടന്ന് പാക്കിസ്ഥാന്റെ വ്യോമമേഖലയിൽ അൽപദൂരം പ്രവേശിച്ചതെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
സംഭവത്തെ ഗുരുതര സുരക്ഷാ വീഴ്ചയായി കണക്കാക്കി ബന്ധപ്പെട്ട അധികാരികൾക്ക് റിപ്പോർട്ട് കൈമാറിയതായി എയർ ഇന്ത്യ അറിയിച്ചു. സംഭവത്തിന്റെ കാരണം കണ്ടെത്താൻ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് കമ്പനിയുടെ ഏറ്റവും വലിയ മുൻഗണനയെന്നും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു.










